Friday, April 30, 2010

വാര്‍ത്തകള്‍ ഉണ്ടാകുന്നത്

ഇത് ഞാന്‍ മുമ്പ് ഇവിടെ എഴുതിയതാണ് .

വാഹന അപകടം, തലയ്ക്കു പരിക്ക് പറ്റിയ വൃദ്ധന്‍ മരിച്ചു.
തിരുവനന്തപുരം : എല്‍ എം എസ് ജങ്ഷനില്‍ വച്ച് സ്വകാര്യ വാഹനം ഇടിച്ചു പരിക്കേറ്റു ആശുപത്രിയില്‍ പ്രവേശിപ്പിച്ച വൃദ്ധന്‍ പിന്നീട് മരണമടഞ്ഞു. നന്ദന്‍കോഡ്‌ സി ആര്‍ എച് എസ് 15-ല്‍ താമസക്കാരനായ കമലാസനന്‍ (64) ആണ് ഇന്നലെ അതി ദാരുണമായി കൊല്ലപ്പെട്ടത്. അലക്ഷ്യമായി റോഡു മുറിച്ചു കടന്ന കമലാസനനെ അമിത വേഗത്തില്‍ വന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡില്‍ ബോധമില്ലാതെ കിടന്ന കമലാസനനെ പോലീസ് പട്രോള്‍ സംഘം എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തിനിരയായ ബൈക്ക് ഓടിച്ചിരുന്ന യുവാവിനെ യാത്രക്കാര്‍ കൈകാര്യം ചെയ്തു പോലീസില്‍ ഏല്പിച്ചു. ഇയാള്‍ക്കെതിരെ കുറ്റകരമായ നരഹത്യക്ക് പോലിസ് കേസ് ചാര്‍ജ് ചെയ്തു. സരസ്വതി ആണ് മരിച്ച കമലസനന്റെ ഭാര്യ. സിനി, അജി, സിജു എന്നിവര്‍ മക്കള്‍ രാജേഷ്‌ മരുമകന്‍.

''ഹൊ ! ഈ നശിച്ച ബൈക്ക് യാത്രക്കാര്‍ കാരണം മനുഷ്യര്‍ക്ക്‌ റോഡില്‍ ഇറങ്ങി നടക്കാന്‍ മേല'' ചായയുമായി വന്ന അമ്മയുടെ കമന്റ്.
'' എടി അതിനു അങ്ങേരു റോഡ്‌ മുറിച്ചു കടന്നതു ശ്രദ്ധയില്ലതെയല്ലേ, ബൈക്ക് കാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ'' അച്ഛന്‍ ബൈക്ക് കാരന്റെ പക്ഷം ചേരാന്‍ തീരുമാനിച്ചു.
''എന്തായാലും അവനെ കൈകാര്യം ചെയ്തത് നന്നായി, ഇത് വായിക്കുന്നവര്‍ ഇനി ബൈക്ക് ഓടിക്കുമ്പോള്‍ സൂക്ഷിക്കുമല്ലോ''
''അവനെ കൈകാര്യം ചെയ്ത സമയത്ത് പരിക്കു പറ്റിയ ആളെ സമയത്ത് ഹോസ്പിറ്റലില്‍ എത്തിച്ചിരുന്നെ അയാളുടെ ജീവന്‍ രക്ഷിക്കാമായിരുന്നു'' അച്ഛന്‍ വിടാന്‍ ഭാവമില്ല
''അല്ലേലും നിങ്ങള്‍ക്ക് ഞാന്‍ എന്ത് പറഞ്ഞാലും അതിനു മറുപടി കാണും'' അമ്മ മുഖം വീര്‍പ്പിച്ചു അടുക്കളയിലേക്കു നടന്നു
അച്ഛന്‍ പത്രത്തിലേക്ക് മുഖം തിരിച്ചു
''ഇടുക്കി കളക്ടറെ മാറ്റാന്‍ നീക്കം''
...................................................................................................
പുറത്തെ ഭൂമി പോലെ കമലാസനന്റെ മനസ് ചുട്ടു പഴുക്കുകുയായിരുന്നു........
ഇന്നെങ്കിലും ആ മാനേജര്‍ ലോണ്‍ പാസാക്കിയില്ലെങ്കില്‍ കാര്യങ്ങള്‍ ആകെ തകിടം മറിയും. രാജേഷിന്റെ വീടുകാര്‍ക്ക് കൊടുക്കാമെന്നു പറഞ്ഞ തുക മുഴുവന്‍ കൊടുക്കേണ്ട കാലാവധി കഴിഞ്ഞിരിക്കുന്നു. സിനി കഴിഞ്ഞ തവണ വീട്ടില്‍ വന്നപ്പോഴും അത് പറഞ്ഞിരുന്നു. തറവാട് വീട് ഭാഗം വെച്ചപ്പോള്‍ കിട്ടിയ ഓഹരി ഒട്ടുമുക്കാലും അവളുടെ കല്യാണത്തിന് വേണ്ടി ചെലവായി. അജിക്ക് ഗള്‍ഫില്‍ പോകാന്‍ വിസക്ക് കൊടുക്കാന്‍ ലോണ്‍ എടുത്തത്‌ ഇപ്പോഴും അടക്കാന്‍ ബാക്കിയാണ്. ഈ ലോണ്‍ കിട്ടിയാലേ അതൊന്നു പുതുക്കി വെക്കാന്‍ കഴിയു.
പെട്ടെന്നാണ് അയാള്‍ ഒരു ബൈക്ക് വരുന്നത് കണ്ടത്. ഒഴിയാന്‍ നോക്കിയെങ്കിലും കഴിഞ്ഞില്ല. ഇടിയേറ്റ്‌ അയാള്‍ റോഡിലേക്ക് തെറിച്ചു വീണു.
*.............................................................................................................
മാനേജരോട് ലീവ് പറഞ്ഞു ബൈക്കില്‍ വീട്ടിലേക്കു കുതിക്കുമ്പോള്‍ സഞ്ജു ഓര്‍ത്തു.........
ദൈവമെ, അമ്മക്ക് ഒന്നും വരുത്തരുതേ. കഴിഞ്ഞ തവണ ലീവ് കഴിഞ്ഞു ഇറങ്ങാന്‍ നേരം മുഖത്തെ വാട്ടം ശ്രദ്ധിച്ചിരുന്നു. ചോദിച്ചിട്ട് ഒന്നും പറഞ്ഞുമില്ല. അമ്മയോട് ഇവിടെ വന്ന് നില്‍ക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല. അവിടെ വീട് അടിച്ചു വാരാന്‍ ആളില്ലാതെ കിടന്നു പോകുമത്രേ. പാവം അമ്മയെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. അച്ഛനുള്ളപ്പോഴും അമ്മ വീട് വിട്ടു മാറി നിന്നിട്ടില്ല. നീ ഒരുത്തിയെ കൊണ്ട് വാ എന്ന് ഇപ്പോഴും പറയും. കടങ്ങളൊക്കെ വീടട്ടെ അമ്മെ എന്ന് ഞാനും. ഇനി വെച്ചു താമസിപ്പികേണ്ട. ഉടനെ പെണ്ണ് നോക്കാന്‍ അയ്യപ്പന്‍ നായരോട് പറയണം. പെട്ടെന്ന് ഒരാള്‍ റോഡിലേക്ക് കടക്കുന്നു. സഞ്ജു ബ്രേക്ക് ചവിട്ടി. പക്ഷെ താമസിച്ചിരുന്നു. ബൈക്ക് അയാളെ ഇടിച്ചു തെറിപ്പിച്ചു.
...............................................................................................................................
കിഴക്കേ കോട്ടക്കുള്ള ബസ്‌ കാത്തു നില്‍ക്കുമ്പോഴാണ് മൊയ്തു ആ കാഴ്ച കണ്ടത്. പാഞ്ഞു വന്ന ബൈക്ക് ഒരു വഴിയാത്രക്കാരനെ ഇടിച്ചു തെറിപ്പിക്കുന്നു. അയാള്‍ സംഭവ സ്ഥലത്തേക്ക് ഓടിയെത്തി. ഒരാള്‍ റോഡില്‍ കിടക്കുന്നു. തല പൊട്ടി രക്തം ഒഴുകുന്നുണ്ട്. ബൈക്ക് ഓടിച്ചിരുന്ന യുവാവിനെ രണ്ടു മൂന്ന് പേര്‍ ഉടുപ്പില്‍ കുത്തി പിടിച്ചു നില്‍ക്കുന്നു. ''നിങ്ങള്‍ അയാളെ ഇടിക്കാതെ പരിക്ക് പറ്റിയ ആളെ ആശ്പത്രിയില്‍ ആക്കാന്‍ നോക്കിന്‍'' മുതിര്‍ന്ന ഒരാള്‍ നിര്‍ദേശിച്ചു. ''അതെ അതാ ശരി, ഒരു ഓട്ടോ വിളിക്ക്, അല്ലേല്‍ കാറോ ജീപ്പോ വിളിക്ക്'' മറ്റൊരാള്‍ അത് ശരി വെച്ചു. ''പോലീസിനെ വിളി, അവര്‍ വന്ന് കൊണ്ട് പോകും'' ''ആരെങ്കിലും ഒരു സോഡാ കൊണ്ട് വന്ന് അയാള്‍ക്ക്‌ കൊടുക്ക്‌'', ''ഇവനൊക്കെ കാലിനിടയില്‍ രണ്ടു ചക്രം കിട്ടിയാ പിന്നെ നെലത്തും താഴേമല്ല'' ''വെള്ളമാന്നാ തോന്നുന്നേ'' ഇങ്ങനെ പോകുന്നു അഭിപ്രായങ്ങള്‍.
പോലിസ് ജീപ്പ് സൈറന്‍ മുഴക്കി വന്നു. രണ്ടു പോലീസുകാര്‍ ഇറങ്ങി. ഒരാള്‍ പാന്റ്സ്‌ ഒന്ന് നേരെയാക്കി ഇട്ടു, ഇടിച്ച ബൈക്കിന്റെ സമീപം ചെന്ന് നോക്കി "ആരുടെയ വണ്ടി?'' അയാള്‍ ചോദിച്ചു '' ദേ ഇവന്റെയാ'' അവര്‍ ആ ചെറുപ്പക്കാരനെ അയാള്‍ക് നേരെ നീക്കി നിര്‍ത്തി. ബുക്കും പേപ്പറും ഒക്കെ ഒണ്ടോ ഡേ ? പോലീസുകാരും ചില യാത്രകാരും ചേര്‍ന്ന് പരിക്കേറ്റ ആളിനെ വണ്ടിയില്‍ എടുത്തു കിടത്തി. ''നീയും കേറ്'' പോലീസുകാരന്‍ ആ ബൈക്ക് കാരനോട് നിര്‍ദേശിച്ചു. ഇരുവരെയും കയറ്റി ജീപ്പ് പാഞ്ഞു പോയി. ആള്‍ക്കാര്‍ പിരിഞ്ഞു പോയി.
സമയം 11.30 ഇപ്പൊ ചെന്നില്ലെ വില്ലജ് ഓഫിസര്‍ എങ്ങോട്ടെങ്കിലും പോകും. പിന്നെ സര്‍ടിഫിക്കറ്റ് കിട്ടില്ല. കിഴക്കേകോട്ട ബോര്‍ഡ് വെച്ചു വന്ന ബസിനു നേര്‍ക്ക്‌ മൊയ്തു ഓടി.
..............................................................................................
ഇതിലെ കഥാപാത്രങ്ങള്‍ തികച്ചും ഭാവന മാത്രം. സാദൃശ്യം തോന്നിയാല്‍ അത് നിങ്ങള്‍ റോഡില്‍ ഇറങ്ങി നടക്കുന്നത് കൊണ്ട് മാത്രം